പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ ശിൽപി കെകെ നായരുടെ സ്വപ്ന പദ്ധതിയായിരുന്ന സുബലാ പാർക്കിന്റെ ശാപമോക്ഷത്തിന് സാധ്യത തെളിയുന്നു. സുബലാ പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യത തേടി പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് പട്ടികജാതി വികസന വകുപ്പ് ഓഫീസർക്കൊപ്പം സ്ഥലം സന്ദർശിച്ചു.
നഗരഹൃദയത്തിലുള്ള 5.5 ഏക്കർ സ്ഥലത്ത് 22 വർഷങ്ങൾക്ക് മുൻപാണ് എംഎൽഎ ആയിരുന്ന കെകെ നായരുടെയും ജില്ലാ കലക്ടറായിരുന്ന വത്സലാ കുമാരിയുടെയും നേത്യത്വത്തിൽ പദ്ധതി ആവിഷ്ക്കരിച്ചത്. പട്ടികജാതി വികസന വകുപ്പ് അനുവദിച്ച അഞ്ച് കോടിയോളം രൂപ ഉപയോഗപ്പെടുത്തിയാണ് സുബലാ പാർക്ക് നിർമാണം ആരംഭിച്ചത്.
ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾ പരമ്പരാഗതമായി കുട്ടനെയ്ത് സ്വയം തൊഴിൽ പരിശീലിക്കുന്നതും വിൽപ്പന നടത്തുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്. 'നിർമ്മിതി' കേന്ദ്രത്തിന്റെ മേൽ നോട്ടത്തിൽ ഓഡിറ്റോറിയം നിർമ്മാണം പൂർത്തിയാക്കുകയും സമീപത്ത് തയ്യൽ പരിശീലനത്തിനായി കെട്ടിടവും ബോട്ടിങിനായി ചാലും നിർമ്മിച്ചിരുന്നു. എന്നാൽ പട്ടികജാതി വികസന വകുപ്പിന്റെ അനാസ്ഥയുടെ ഫലമായി കരാറുകാരന് പണം നൽകാതെ പണി തടസപ്പെടുകയും നാല് കോടിയോളം രൂപ നഷ്ടമാവുകയും ചെയ്തു. പിന്നീട് തയ്യൽ യൂണിറ്റിന്റെ പ്രവർത്തനം നിലക്കുകയും ലക്ഷങ്ങൾ വിലവരുന്ന ആധുനിക തയ്യൽ മെഷീനുകൾ ഉൾപ്പടെ ഉപയോഗശൂന്യമാവുകയും ചെയ്തു.