പത്തനംതിട്ട: കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന് സബ് കലക്ടർ വിനയ് ഗോയൽ പറഞ്ഞു. ഈ വൈറസ് അധികനാൾ നീണ്ടു നിൽക്കും. അതിനൊപ്പം പൊരുത്തപ്പെട്ട് പോകുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. സർക്കാരും ആരോഗ്യ പ്രവർത്തകർ പറയുന്നത് കൃത്യമായി അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലാദ്യമായി പത്തനംതിട്ടയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി റാപിഡ് വാഹനം തയ്യാറാക്കി. ജില്ലാ കലക്ടർ പി.ബി നൂഹിനൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്നും, പ്രളയം, ശബരിമല വിഷയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിനൊപ്പം നിതാന്ത ജാഗ്രതയിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞുവെന്നും വിനയ ഗോയൽ കൂട്ടിച്ചേർത്തു. കേരളത്തെയും പത്തനംതിട്ടയെയും ഒരുപാട് സ്നേഹിക്കുന്ന എംബിബിഎസ് ബിരുദമുള്ളയാളുമായ വിനയ് ഗോയലിന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കാനാണ് കൂടുതല്‍ ഇഷ്ടം. ചോദ്യോത്തര മത്സരമായ കോൻ ബനേഗ ക്രോർപതിയിൽ പങ്കെടുത്ത ആദ്യ ഐഎഎസ് ഓഫിസറായ ഇദ്ദേഹത്തിന് ലഭിച്ച പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ നിരാലംബരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്.