പത്തനംതിട്ട: സുഭാഷ് വാസുവിനെതിരെ വിമര്‍ശനവുമായി പത്തനംതിട്ടയിലെ എസ്എൻഡിപി ഭാരവാഹികൾ രംഗത്ത്. എസ്എൻഡിപി യോഗത്തിന്‍റെ പേരിൽ പല സ്ഥാനമാനങ്ങളും നേടിയെടുത്തയാളാണ് സുഭാഷ് വാസു. പുറത്ത് പോകേണ്ടി വന്നപ്പോൾ ഇക്കാലമത്രയും നടന്നത് അഴിമതിയാണെന്ന് വിളിച്ച് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്എൻഡി പി ഭാരവാഹികൾ പറഞ്ഞു. പത്തനംതിട്ടയിലെ എസ്എൻഡിപി യൂണിയനുകളുടെ പൂർണ പിന്തുണ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടെന്നും ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനാ വേദിയിൽ കണക്കുകൾ എല്ലാം പാസാക്കി കൊടുത്ത ശേഷം പൊതുവേദികളിൽ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നത് അപലപനീയമാണ്. എസ്എൻഡിപി യോഗത്തിന്‍റെ പ്രവർത്തനങ്ങളിൽ ഒരു സംഭാവനയും നൽകാതിരുന്ന ടി.പി സെൻകുമാറിനെപ്പോലെയുള്ളവർ അറുപതാം വയസിൽ മെമ്പർഷിപ്പ് എടുത്ത ശേഷം ആരോപണങ്ങളുമായി രംഗത്ത് വരുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ബിഡിജെഎസിന്‍റെ പേരിൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസു സ്വയം രാജിവെക്കാത്ത പക്ഷം തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എൻഡിഎ നേതൃത്വത്തിന് കത്ത് നൽകുമെന്നും പത്തനംതിട്ട എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു.