പത്തനംതിട്ട: ലോക്ക്ഡൗൺ കാലത്ത് നാടിന്‍റെ മുക്കിലും മൂലയിലും പാട്ടുവണ്ടിയുമായി പത്തനംതിട്ട പൊലീസ്. ലോക്ക്ഡൗണിൽ വീടിന് പുറത്തിറങ്ങാൻ കഴിയാതെ ബോറടിച്ചിരിക്കുമ്പോൾ വീടിന് പരിസരത്ത് എത്തുന്ന ഈ പാട്ടുവണ്ടി ഏവർക്കും വിനോദമായി. മിമിക്രി താരവും ഗായകനുമായ കലാസ്റ്റാർ കബീറാണ് കലാപരിപാടിക്ക് നേതൃത്വം നൽകുന്നത്.
കലാഭവൻ മണിയുടെ നാടൻ പാട്ടും സിനിമാഗാനങ്ങളുമൊക്കെ ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ ആസ്വാദകർക്കും ഏറെ സന്തോഷമായി. ഡിവൈഎസ്പി എസ്.സജീവിന്‍റെ നേതൃത്വത്തിൽ പൊലീസുകാരും പാട്ടുപാടി ശ്രോതാക്കളെ കയ്യിലെടുത്തു. കേവലം കലാപരിപാടി മാത്രമല്ല ഒപ്പം കൊവിഡ് 19 ബോധവൽക്കരണവും ഇതിനിടെ നടത്തുന്നുണ്ട്. പാട്ടുവണ്ടി യാത്ര തുടരുകയാണ്. ലോക്ക്ഡൗൺ വിരസത അകറ്റാനായി.