പത്തനംതിട്ട: മാനസിക വിഭ്രാന്തിയുള്ളയാള്‍ തെങ്ങില്‍ കയറിയതോടെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാരും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും വലഞ്ഞു. പന്തളം സ്വദേശി രാധാകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാനായി ബന്ധുക്കൾ ആംബുലന്‍സ് വിളിച്ചതോടെയാണ് ഇയാള്‍ തെങ്ങിന് മുകളില്‍ കയറിയൊളിച്ചത്. ഒടുക്കം പൊലീസും ഫയര്‍ഫോഴ്‌സും പഠിച്ച പണി പതിനെട്ടും പയറ്റിയാണ് ഇയാളെ താഴെയിറക്കിയത്.
പന്തളം സ്വദേശിയായ രാധാകൃഷ്ണന് തെങ്ങ് കയറ്റമാണ് തൊഴിൽ. മാനസിക വിഭ്രാന്തിയുള്ള ഇയാള്‍ മദ്യപാനിയുമാണ്. രാധാകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാനായി ബന്ധുക്കൾ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് വീട്ടിലെത്തിയതു കണ്ട രാധാകൃഷ്ണൻ വീട്ടില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് ആര്‍ക്കും പിടികിട്ടാതിരിക്കാന്‍ അയൽവാസിയുടെ 80 അടി ഉയരമുള്ള തെങ്ങിലേക്ക് ഇയാൾ മിന്നൽ വേഗത്തിൽ വലിഞ്ഞു കയറുകയായിരുന്നു.
വീട്ടുടമയും നാട്ടുകാരും ഇയാളെ തെങ്ങില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഗതി കൈവിട്ടുവെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ പന്തളം പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് രാധാകൃഷ്ണനെ താഴെയിറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ ശ്രമങ്ങളെല്ലാം എല്ലാം വിഫലമായി. ഇതോടെ ഞായറാഴ്ച (11.09.2022) ഉച്ചയ്ക്ക് 12.45ന് തെങ്ങിൽ കയറിയ പന്തളം കടയ്ക്കാട് വടക്ക് പുതേത്ത് പടിഞ്ഞാറ്റതില്‍ മുപ്പത്തെട്ടുകാരനായ രാധാകൃഷ്ണന്‍ താഴെയിറങ്ങാൻ കൂട്ടക്കാതെ നാടിനെ വിറപ്പിച്ചത് 12 മണിക്കൂറോളം.
ഒടുവില്‍ ഇന്ന് (12.09.2022) പുലർച്ചെ ഒരു മണിയോടെ അഗ്നിശമന സേന നടത്തിയ വാട്ടർ ഓപ്പറേഷനിലൂടെ രാധാകൃഷ്ണൻ കൂളായി താഴെയിറങ്ങുകയായിരുന്നു. പുലർച്ചെ ഒരുമണി അടുത്തതോടെ ഫയർ ഫോഴ്സ് തെങ്ങിന് മുകളിലേക്ക് വെള്ളം പമ്പ് ചെയ്തു. 12 മണിക്കൂർ തെങ്ങില്‍ ഇരുന്നുള്ള ക്ഷീണവും തണുപ്പും എല്ലാം കൂടിയായതോടെ ഇയാൾ തെങ്ങിൽ നിന്നും താഴേക്ക് ഇറങ്ങിത്തുടങ്ങി. അഞ്ചടിയോളം താഴെയിറങ്ങി ഇയാൾ വീണ്ടും തെങ്ങിൽ ഇരിപ്പുറപ്പിച്ചു. ഫയർഫോഴ്സിന്റെ വെള്ള പ്രയോഗത്തിൽ തെങ്ങിൽ വഴുവഴുപ്പ് ഉണ്ടായതോടെ ഒടുക്കം ഇരിപ്പുറപ്പിക്കാനാകാതെ രാധാകൃഷ്‌ണന്‍ താഴേക്കിറങ്ങുകയായിരുന്നു. താഴെയെത്തിയ ഇയാളെ പൊലീസിന് കൈമാറി.
അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇയാളെ താഴെയിറക്കാൻ തെങ്ങിനു ചുറ്റും വല കെട്ടിയും 40 അടി ഉയരമുള്ള ഏണി ഉപയോഗിച്ചുമെല്ലാം സേന സുരക്ഷ ഒരുക്കിയിരുന്നു. നരിയാപുരം ഭാഗത്തുവച്ച് ഇതിനു മുൻപും ഇയാൾ ഇത്തരത്തില്‍ തെങ്ങില്‍ കയറി മണിക്കൂറോളം ഇരുന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്തുതന്നെയായാലും ഇയാളെ തെങ്ങിൽ നിന്നും പരിക്കേൽക്കാതെ താഴെയെത്തിച്ച ആശ്വാസത്തിലാണ് പൊലീസും അഗ്നിരക്ഷാ സേനയും.