പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ നല്‍കുന്ന സംഭാവന സ്വീകരിക്കാന്‍ പത്തനംതിട്ട നഗരസഭ ദുരിതാശ്വാസ നിധി രൂപീകരിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പത്തനംതിട്ട ശാഖയില്‍ നഗരസഭ സെക്രട്ടറിയുടെ പേരിലാണ് അക്കൗണ്ട് രൂപീകരിച്ചത്.
ALSO READ: റാന്നിയില്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
നഗരത്തില്‍ സാമൂഹിക അടുക്കളയും ജനകീയ ഹോട്ടലുമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സജീവമാണ്. 32 വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭയുടെ നിയന്ത്രണത്തിലാണ് സി.എഫ്.എല്‍.ടി.സിയും പ്രവര്‍ത്തിക്കുന്നത്.
വാക്സിനേഷന്‍ കേന്ദ്രങ്ങളിലെയും ക്രമീകരണം പത്തനംതിട്ട നഗരസഭയാണ് ഒരുക്കുന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭ നേതൃത്വം നല്‍കുന്നു. നഗരസഭ ചെയര്‍മാന്‍റെ ഓക്സിമീറ്റര്‍ ചലഞ്ചിലൂടെ ലഭ്യമായ പള്‍സ് ഓക്സിമീറ്ററുകള്‍ ഇതിനകം എല്ലാ വാര്‍ഡുകളിലേയും ജാഗ്രത സമിതികള്‍ക്ക് വിതരണം ചെയ്തു.
കൊവിഡ് ബാധിതരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെയും ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നഗരവാസികളെയും ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നഗരസഭയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു.
60 സന്നദ്ധ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചുവരുന്നു. പുതിയ നഗരസഭാ ബസ് സ്റ്റാൻഡില്‍ ജാഗ്രത സെല്ലിന്‍റെയും പ്രവര്‍ത്തനം നടന്നു വരികയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരിച്ച ചെലവുകളാണ് നഗരസഭ വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ നല്ലവരായ ജനങ്ങളുടെ ഉദാരമായ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചു. അക്കൗണ്ട് നമ്പര്‍: 25110100017754 (IFSC BARBOPATTAN).