പത്തനംതിട്ട: തിരുവല്ല മാഞ്ഞാടി എക്സൈസ് റേഞ്ച് ഓഫിസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി ജ്യോതിഷാണ് (33) അറസ്‌റ്റിലായത്. ഒക്‌ടോബർ 14നാണ് കേസിനാസ്‌പദമായ സംഭവം.
ലഹരിക്കടിമയായ ജ്യോതിഷും ഇയാളുടെ സുഹൃത്ത് അനൂപും ചേർന്നാണ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. മുൻ വൈരാഗ്യത്തിന്‍റെ പേരിലാണ് ഇരുവരും എക്സൈസ് ഓഫിസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്.
സംഭവശേഷം ഒളിവിൽ പോയ ജ്യോതിഷ് വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.