പത്തനംതിട്ട : തിരുവനന്തപുരം സ്വദേശിനി പത്തനംതിട്ടയില്‍ ബൈക്കപകടത്തില്‍ മരിച്ചു. കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ പ്രവീണിന്‍റെ ഭാര്യ സുമിത്ര പ്രവീണാണ് (28) മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സിൽ (24) പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Also Read: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു
എംസി റോഡില്‍ കുളനട ജങ്ഷന് സമീപം വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിയുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വാഹനം കയറി ഇറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ലൈംഗികാതിക്രമം
ഒരു കുട്ടിയുടെ മാതാവാണ് മരിച്ച സുമിത്ര. ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു. ബന്ധം പിരിയുന്നതിനായി ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടന്നുവരികയാണ്.
കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. സംഭവത്തിൽ പന്തളം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.