പത്തനംതിട്ട: ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും സവാളയും കാരറ്റും റാഡിഷും നമുക്കിനി അന്യ നാട്ടുകാരല്ല. ഇവ നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ. മല്ലപ്പള്ളി ബ്ലോക്കിലെ കവിയൂരിലും ഇലന്തൂരിലുമാണ് നൂതന രീതിയില്‍ കൃഷി ചെയ്യുന്നത്. ഉരുളക്കിഴങ്ങും റാഡിഷും കാരറ്റുമൊക്കെ വളർന്നു തുടങ്ങി. മൂന്ന് മാസത്തിനുള്ളിൽ ഇതെല്ലാം വിളവെടുക്കാം. ലോക്‌ഡൗൺ സമയത്ത് വന്ന ബുദ്ധിമുട്ടുകളാണ് ഇവരെ സ്വയം പര്യാപ്‌ത കൃഷിയിലേക്കെത്തിച്ചത്. പരീക്ഷണത്തിന് തുടങ്ങിയതാണെങ്കിലും വിജയത്തിലേക്ക് നീങ്ങുകയാണ് പച്ചപ്പിന്‍റെ പുതു നാമ്പുകൾ.
ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന വിത്തുകളാണ് നട്ടത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസെർച്ചിൽ വികസിപ്പിച്ചെടുത്ത വിത്തുകളാണിത്. കല്ലും കട്ടയും മാറ്റിയ പൊടി മണ്ണിൽ കീടങ്ങളെ അകറ്റാനായി വേപ്പില നിരത്തുകയാണ് ആദ്യം ചെയ്‌തത്. ചകിരിച്ചോറ്, കുമ്മായം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ കലർത്തിയാണ് നിലമൊരുക്കുന്നത്. നൂതന കൃഷിരീതിയുടെ ആശയം ജില്ലാ മിഷനിലൂടെ കുടുംബശ്രീയിൽ അവതരിപ്പിച്ചത് പത്തനംതിട്ട കിഴക്കുംപുറം സ്വദേശിയായ ഋഷി സുരേഷാണ്. പ്രളയത്തിൽ കൃഷി നശിച്ചു പോയ കര്‍ഷക സംഘങ്ങള്‍ക്ക് സർക്കാർ അനുവദിച്ച 2000 രൂപയും നൂതന കൃഷിക്കായി വിനിയോഗിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ മണികണ്ഠൻ സംഘകൃഷി കോർഡിനേറ്റർ ലിൻസി തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കൃഷി നടക്കുന്നത്.