പത്തനംതിട്ട: അടൂരില്‍ ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കർ ലോറിയില്‍ നിന്ന് ആസിഡ് ചോർച്ച. തൂത്തുക്കുടിയില്‍ നിന്ന് ആലുവയിലേക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കർ ലോറിയില്‍ നിന്നാണ് ചോർച്ചയുണ്ടായത്. അടൂർ പഴക്കുളം ജംഗ്ഷനില്‍ രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം. 23000 ലിറ്റർ ഹൈഡ്രോക്ലോറിക്ക് ആസിഡാണ് ടാങ്കറിൽ ഉള്ളത്. കെ.പി റോഡിൽ പഴകുളം ജംഗ്ഷനിൽ വെച്ച് വാഹനം കേടായതിനെ തുടർന്ന് ഡ്രൈവർ ഇറങ്ങി പരിശോധിച്ചപ്പോഴാണ് ആസിഡ് ചോരുന്നത് കണ്ടെത്തിയത്. വാഹനത്തിന്‍റെ വാല്‍വില്‍ ഉണ്ടായ തകരാറാണ് ചോർച്ചക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ആസിഡ് വലിയതോതില്‍ ചോരുന്നത് പ്രദേശത്ത് ആശങ്ക ഉയർത്തുന്നുണ്ട്.
അടൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്‌സ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് ആസിഡ് നേർപ്പിച്ച് കൊണ്ടിരിക്കുകയാണ്. മറ്റൊരു ടാങ്കർ ലോറി എത്തിച്ച് ആസിഡ് മാറ്റാനുള്ള ശ്രമവും നടത്തുന്നുണ്ട്.