പത്തനംതിട്ട: ഡി.സി.സി ഓഫിസിൽ പാർട്ടി പുനഃസംഘടന സംബന്ധിച്ച യോഗം നടക്കുന്നതിനിടെ ചർച്ച ബഹിഷ്‌ക്കരിച്ചു പുറത്തിറങ്ങി പ്രകോപനപരമായി ഓഫിസിന്‍റെ കതക് ചവിട്ടി തുറക്കാൻ ശ്രമിച്ച മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിവരം കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു.
തുടർന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി എ എം നസീർ എന്നിവർ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്‌ചയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസിസി ഓഫിസിൽ യോഗം ചേർന്നത്.
ALSO READ: പുനഃസംഘടന തര്‍ക്കം തീരുന്നില്ല; ഡിസിസി പ്രസിഡന്‍റിന്‍റെ ഓഫീസ് വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമം
അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നത്തോടെ മുൻ ഡിസിസി പ്രസിഡന്‍റുമാരായ പി മോഹൻരാജ്, അഡ്വ കെ ശിവദാസൻ നായർ, ബാബു ജോർജ് എന്നിവർ യോഗം ബഹിഷ്‌ക്കരിച്ച ഇറങ്ങി പോക്ക് നടത്തി. മോഹൻരാജും ശിവദാസൻ നായരും ഓഫിസിനു പുറത്തേക്ക് പോയെങ്കിലും ബാബു ജോർജ് ഡിസിസി പ്രസിഡന്‍റിന്‍റെ മുറിയുടെ വാതിലിൽ നിന്ന് പ്രകോപനപരമായി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനിടെ ഓഫിസിന്‍റെ വാതിൽ അടയുന്നത് കാണാം. ഇത് കണ്ടാണ് ബാബു ജോർജ് അടഞ്ഞ കതകു കാലുകൊണ്ട് ചവിട്ടി തുറക്കാൻ ശ്രമിച്ചത്.
പത്തനംതിട്ട കോണ്‍ഗ്രസില്‍ വലിയ വിഭാഗീയത: പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിഭാഗീയതയാണ് പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസില്‍ നടക്കുന്നത്. ഈ വിഭാഗീയതയുടെ ഫലമായിരുന്നു ബാബു ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, പി മോഹന്‍ രാജ് എന്നിവരുടെ ഇറങ്ങിപോക്ക്. പുന:സംഘടനയില്‍ തങ്ങളോടൊപ്പമുള്ളവരെ മാറ്റിനിര്‍ത്തിയതാണ് മൂന്ന് പേരേയും പ്രകോപിപ്പിച്ചത്. ഡിസിസി യോഗം ബഹിഷ്‌കരിച്ച് ഇവര്‍ ഇറങ്ങിപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വരികയായിരുന്നു.