പത്തനംതിട്ട: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്നും കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് ആരോഗ്യവകുപ്പിന്‍റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. കേരളത്തിന് പുറത്തേക്കുള്ള പഠന വിനോദയാത്രകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ നടത്താവൂ.
ഇതേക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമിലെ 0468 2228220 എന്ന നമ്പറില്‍ ബന്ധപ്പെടാം. ചൈന, ഹോങ്കോങ്ങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, വിയറ്റ്നാം, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കുന്നുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നോ, സംസ്ഥാനങ്ങളില്‍ നിന്നോ തിരികെവരുന്ന ആര്‍ക്കെങ്കിലും ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ കണ്‍ട്രോള്‍ റൂമിലോ വിളിച്ച് അറിയിക്കേണ്ടതാണ്.
അവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് മാത്രം ചികിത്സയ്ക്കായി പോകേണ്ടതാണ്. സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും എല്ലാവരും ഇതിനായി സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.