പത്തനംതിട്ട: ഡിസിസി പുനഃസംഘടനയെ ചൊല്ലി പത്തനംതിട്ട കോണ്‍ഗ്രസില്‍ തര്‍ക്കവും വിഭാഗീയതയും അക്രമത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം ചേർന്ന പുനഃസംഘടന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്, നിലവിലെ ഡിസിസി പ്രസിഡന്‍റിന്‍റെ ഓഫീസിന്‍റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹി പട്ടിക തയാറാക്കാന്‍ ഡിസിസി ഓഫീസിൽ യോഗം ചേർന്നത്.
സംഘടന നടപടി സ്വീകരിച്ച് മാറ്റി നിര്‍ത്തിയവരെയും പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് മുന്‍ ഡിസിസി പ്രസിഡന്‍റുമാരായ ബാബു ജോര്‍ജ്, കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ് എന്നിവർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാൻ ഡിസിസി നേതൃത്വം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് മൂന്നു പേരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഇവർ മൂന്നും ഡിസിസി പ്രസിഡന്‍റിന്‍റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നത് മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ബാബു ജോർജ് ഓഫീസിനു പുറത്തിറങ്ങി വാതിലിന് മുന്നിൽ നിന്ന് പ്രകോപിതനായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഓഫീസിന്‍റെ വാതിൽ അടയുന്നുണ്ട്. ഇതിൽ പ്രകോപിതനായ പോലെ അടഞ്ഞ വാതില്‍ ചവിട്ടി പൊളിക്കാൻ ബാബു ജോർജ് ശ്രമിക്കുന്നതാണ് ദൃശ്യങ്ങൾ. ഇത് പുറത്ത് വന്നതോടെ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ച് കെപിസിസി നേതൃത്വത്തെ വിവരം അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.