പത്തനംതിട്ട: തിരുവല്ലയില്‍ എഎസ്ഐക്കും മത്സ്യവ്യാപാരി ഉൾപ്പെടെ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിഐ ഉൾപ്പടെ 28 പൊലീസുകാർ ക്വാറന്‍റൈനിലായി. തിരുവല്ല സ്റ്റേഷനിലെ നാല് പൊലീസുകാരും എഎസ്ഐയുടെ സമ്പർക്കപ്പട്ടികയിലുണ്ട്. പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ താൽക്കാലിക ഡ്യൂട്ടിക്കായി നിയോഗിച്ചു. പെരിങ്ങരയിൽ മത്സ്യവ്യാപാരി ഉൾപ്പടെ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനത്തിൽ പോയി വീടുകളില്‍ മത്സ്യവിൽപ്പന നടത്തുന്നയാളാണ്. ചങ്ങനാശ്ശേരി, പായിപ്പാട് ചന്തകളിൽ മത്സ്യം വാങ്ങാൻ പോയ വ്യാപാരിക്ക് അവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. പായിപ്പാട് പോയ മത്സ്യ വ്യാപാരികൾക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ മത്സ്യവ്യാപാരികളുടെ സ്രവം ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ പെരിങ്ങരയിലെ മത്സ്യ വ്യാപാരിയുടെ പരിശോധനാഫലം പോസിറ്റീവായത്.
പെരിങ്ങര പതിമൂന്നാം വാർഡിൽ താമസക്കാരനായ മത്സ്യ വ്യാപാരിയെ കൂടാതെ ഇതേ വാർഡിലെ മഹാരാഷ്ട്രയിൽ നിന്നെത്തിയ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വാർഡ് കണ്ടെയ്ൻമെന്‍റ് സോണാക്കാൻ നടപടികൾ ആരംഭിച്ചു. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിലെ 68 കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. പെരിങ്ങരയിൽ രോഗം സ്ഥിരീകരിച്ച ഫാസ്റ്റ് ഫുഡ് ഉടമയുമായി സമ്പർക്കം പുലർത്തിയ 173 പേരുടെ പട്ടിക ഇതിനകം തയാറാക്കിയിട്ടുണ്ട്. ഇതിൽ 73 പേർ കടയുടമയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ്. മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ട 22 പേരുടെ പട്ടികയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഒൻപത് പേർ നേരിട്ടുള്ള സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ്. നിരണം പഞ്ചായത്തിൽ മൂന്ന് പേർക്കും കടപ്ര പഞ്ചായത്തിലും നഗരസഭാ പരിധിയിലും അഞ്ച് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്.
അതേസമയം, കോന്നി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. 35 പൊലീസുകാരുടെയും സഹായികളായ 7 പേരുടേയും സ്രവമായിരുന്നു പരിശോധനയ്ക്കയച്ചത്. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച അടൂര്‍ പൊലീസ് സ്റ്റേഷനിലെ സി.ഐ, എസ്.ഐ ഉള്‍പ്പടെയുള്ളവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. പൊലീസ് സ്റ്റേഷനില്‍ മൊഴിയെടുക്കാനും പരാതി നൽകാനും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.