പത്തനംതിട്ട: ജില്ലയില്‍ നിലവില്‍ സൂപ്പർ സ്‌പ്രെഡിന് സാധ്യതയില്ലെന്ന് ജില്ല കലക്ടർ പി.ബി നൂഹ് പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തിലേതിന് സമാനമായ ജാഗ്രത വേണമെന്നും കലക്ടർ അറിയിച്ചു. ഉറവിടം കണ്ടെത്താൻ കഴിയാത്ത ഏഴ് കേസുകൾ ഉൾപ്പെടെ 32 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്‍റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിലൂടെയാണ് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരാണ് ഇവർ. ബാക്കി മൂന്ന് പേർ നിരീക്ഷണത്തിലുള്ളവരാണ്. നിലവില്‍ 171 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 190 പേർ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. അതേസമയം, 43 പേർ രോഗമുക്തരായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2624 പേരും വിദേശത്ത് നിന്നും തിരിച്ചെത്തിയ 2109 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.