പത്തനംതിട്ട: കൊവിഡ് സ്ഥിരീകരിച്ച ആശ വർക്കറുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതില്‍ ജില്ല ഭരണകൂടത്തിന് വീഴ്ച പറ്റിയതായി ആരോപണം. കൊവിഡ് സ്ഥിരീകരിച്ച ആശ വർക്കറും മല്ലപ്പുഴശേരി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്‌സണുമായ യുവതി 500ല്‍ അധികം പേരുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടതായി നാട്ടുകാരും ജനപ്രതിനിധകളും ആരോപിക്കുന്നു. രോഗം സ്ഥിരീകരിച്ച് ഒരാഴ്‌ച കഴിഞ്ഞിട്ടും യുവതിയുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. രോഗത്തിന്‍റെ ഉറവിടവും ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുന്നു.
പനിയെ തുടർന്ന് സ്രവം കൊവിഡ് പരിശേധനക്ക് അയച്ചതിന് ശേഷവും യുവതി പൊതു സ്ഥലങ്ങളിലും പാർട്ടി പരിപാടികളിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. 100 പേരുടെ സമ്പർക്ക പട്ടിക മാത്രമാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. പ്രാഥമികം, രണ്ടാം തരം എന്നിങ്ങനെ സമ്പർക്ക പട്ടികയിൽ അഞ്ഞൂറിലേറെപ്പേർ ഉൾപ്പെട്ടിരിക്കാമെന്ന് സമീപവാസികളും ജനപ്രതിനിധികളും പറയുന്നു. സമ്പർക്ക പട്ടികയിൽ വന്ന പഞ്ചായത്ത് പ്രസിഡന്‍റ് ലത വിക്രമൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെറി സാം എന്നിവർ നിരീക്ഷണത്തിലാണ്.
പഞ്ചായത്ത് ഓഫീസിൽ 35 ജിവനക്കാരിൽ 24 പേരും 13 വാർഡ് അംഗങ്ങളുള്ളതിൽ 12 പേരും നിരീക്ഷണത്തിലാണ്. ഒരേ കെട്ടിടത്തിന്‍റെ രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസുകളിൽ സ്ഥിരമായി വന്ന് ജോലികൾ നിർവഹിച്ചിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്രവം എടുത്ത നിരവധി പേരുടെ ഫലം ലഭിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലവും ലഭിച്ചിട്ടില്ല. യുവതിക്ക് രോഗം സ്ഥിരികരിച്ചതിന് പിന്നാലെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിനെ കണ്ടെയ്ൻമെന്‍റ് സോണായും പ്രഖ്യാപിച്ചു.