പത്തനംതിട്ട: കോളജ് കുട്ടികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി പത്തനംതിട്ട ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ. എംജി സർവകലാശാല കലോത്സവത്തിന്‍റെ വേക്ക് അപ്പ് കോൾ 2022ന്‍റെ ഭാഗമായി വ്യാഴാഴ്‌ച (മാർച്ച് 31) നടന്ന പ്രോമോ ഡാൻസിലാണ് കോളജ് കുട്ടികൾക്കൊപ്പം കലക്‌ടറും ചുവടുകൾ വച്ചത്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലാണ് പ്രോമോ ഡാൻസ് നടന്നത്.
കുട്ടികളെ കടത്തി വെട്ടുന്ന ചടുല നൃത്ത ചുവടുകളുമായാണ് കലക്‌ടർ താരമായത്. ഡാൻസിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൻ തരംഗമാണ്. കലക്‌ടറെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെയാണ് കലോത്സവം. ഏഴ് വേദികളിലായി 61 മത്സരയിനങ്ങളാണുള്ളത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നൂറില്‍പ്പരം കോളജുകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കാന്‍ കലോത്സവ വേദിയില്‍ അണിനിരക്കുന്നത്. പത്തനംതിട്ട ജില്ല സ്റ്റേഡിയമാണ് പ്രധാന വേദി.
Also Read: അരങ്ങില്‍ കലക്‌ടർ ദമയന്തിയായി; കഥകളിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി വയനാട് ജില്ല കലക്‌ടര്‍