പത്തനംതിട്ട: സിവില്‍ സര്‍വീസ് പരീക്ഷയിൽ റാങ്ക് നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി ഹൃദ്യയും രവീണും. റാന്നി സ്വദേശി ഹൃദ്യ എസ് വിജയൻ 317-ാം റാങ്കും തിരുവല്ല സ്വദേശി രവീൺ കെ മനോഹരൻ 631-ാം റാങ്കുമാണ് നേടിയത്. ഇരുവരെയും ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യർ ആദരിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ഥികള്‍ മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്ന് കലക്‌ടര്‍ പറഞ്ഞു. ഒരുപാട് വ്യത്യസ്‌തമായ അനുഭവങ്ങളും സേവനത്തിനുള്ള സാധ്യതകളുമുള്ള പദവിയാണ് സിവില്‍ സര്‍വീസിന്‍റേത്. ആ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കലക്‌ടർ പറഞ്ഞു.
മൂന്നാം ശ്രമത്തില്‍ സിവില്‍ സർവീസ്: സിവിൽ സർവീസ് പരീക്ഷയുടെ ഫലമറിഞ്ഞപ്പോഴാണ് ഹൃദ്യ മനസ് തുറന്ന് ചിരിക്കുന്നത്. മൂന്നാം ശ്രമത്തിലാണ് 317-ാം റാങ്കോടെ ഹൃദ്യ തന്‍റെ സ്വപ്‌നം സാക്ഷാത്‌കരിച്ചത്. റാന്നി സ്വദേശികളായ റിട്ട. തഹസില്‍ദാര്‍ വിജയന്‍റേയും പത്തനംതിട്ട കളക്‌ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സിന്ധുവിന്‍റെയും മകളാണ് ഹൃദ്യ.
കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ബിഎസ്‌സി മാത്‌സ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൃദ്യ സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാമത്തെ ശ്രമത്തിലാണ് രവീണും റാങ്ക് കരസ്ഥമാക്കുന്നത്. 631-ാം റാങ്കാണ് രവീണിന്.
തിരുവല്ല സ്വദേശികളായ റിട്ട. കെഎസ്ഇബി ജീവനക്കാരന് കെ.കെ മനോഹരന്റെയും തിരുവല്ല ഡിഇഒ പി.ആര് പ്രസീനയുടെയും മകനാണ് രവീണ് കെ മനോഹരൻ. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്നും ബിടെക് പാസായ ശേഷമാണ് രവീണ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നത്. പാലക്കാട് കൊല്ലംകോട് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സംഗീതം, ഫുട്ബോള്‍ എന്നിവയാണ് രവീണിന്‍റെ ഇഷ്‌ട മേഖല.
Also read: ഒന്നിച്ച് പഠിച്ച് സിവിൽ സർവീസ് റാങ്ക് പട്ടികയില്‍; സന്തോഷം പങ്കുവച്ച് അഖിലും ശ്രീകുമാറും