പത്തനംതിട്ട: മല്ലപ്പള്ളിയില്‍ മാമോദീസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മാമോദീസ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കം ഛർദി ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
കഴിഞ്ഞ വ്യാഴാഴ്‌ച (29-12-2022) മല്ലപ്പള്ളി സെന്‍റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങ് നടന്നത്. മാമോദീസ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ആയിരുന്നു വിരുന്നൊരുക്കിയത്. 190ഓളം പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. ഇതിൽ ഭൂരിഭാഗം പേർക്കും പ്രശ്‌നങ്ങൾ ഉണ്ടായി.
സംഭവത്തിൽ കാറ്ററിങ് സ്ഥാപനത്തിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്നുള്ള കേറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്. എന്നാല്‍ അതേ ദിവസം മറ്റു സ്ഥലങ്ങളില്‍ കൊടുത്ത ഭക്ഷണത്തെ കുറിച്ച് പരാതികള്‍ ഇല്ലെന്നാണ് കാറ്ററിങ് സ്ഥാപനത്തിന്‍റെ പ്രതികരണം.
മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടർന്ന് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.