പത്തനംതിട്ട: തിരുവല്ല മണിമലയാറിലെ പുളിക്കീഴ് കടവലിലെ കയത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. പൊടിയാടി പഴയാറ്റില്‍ എസ്.ആനന്ദ കുമാർ (51) ആണ് മരിച്ചത്. കടവിൽ നിന്നും 200 മീറ്റർ മാറി ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അഗ്നിശമന സേന ആനന്ദന്‍റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആനന്ദൻ പുളിക്കീഴ് പാലത്തിന് താഴെയുള്ള കടവിലെ കയത്തിൽ മുങ്ങി മരിച്ചത്.
ചെരുപ്പും, ഷർട്ടും കടവിന് സമീപം വെച്ച ശേഷം കുളിക്കാനിറങ്ങിയ നീന്തൽ വശമില്ലാതിരുന്ന ആനന്ദൻ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട സമീപവാസിയാണ് പൊലീസിൽ വിവരമറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറര വരെ തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ മുങ്ങൽ വിദഗ്‌ധർ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പത്തനംതിട്ടയിൽ നിന്നുള്ള സ്കൂബാ ടീം അടങ്ങുന്ന മുങ്ങൽ വിദഗ്‌ധരടക്കമുള്ളവർ ശനിയാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അപകടമേറിയ ചുഴിയും അഗാധമായ കയങ്ങളുമുള്ള പുളിക്കീഴ് കടവിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഇരുപത്തിയഞ്ചിലധികം പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.