ശബരിമല: ശബരിമലയിലെ ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പറ കൊട്ടിപ്പാട്ട്. അയ്യപ്പന്റെ ശത്രുദോഷമകറ്റാൻ ശിവപാർവതീശ്വരന്മാർ മലവേടവേഷത്തിലെത്തി കേശാദി പാദം മന്ത്രം ചൊല്ലി ദോഷങ്ങൾ അകറ്റി എന്നാണ് പറ കൊട്ടിപ്പാട്ടിന് പിന്നിലുള്ള ഐതിഹ്യം. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള മലവേട സമുദായത്തിൽപ്പെട്ടവരാണ് ഈ ആചാരാത്തിന്റെ പരികർമ്മികൾ. മുന്നിലെത്തുന്ന ഭക്തനെ അയ്യപ്പനായും പറക്കു പിന്നിലുള്ളയാളെ പരമശിവനായും കണ്ട് കേശാദി പാദം മന്ത്രം ചൊല്ലി പറകൊട്ടിപ്പാടും. ഇതിലൂടെ ഭക്തനിലുള്ള ശത്രുദോഷവും ശനിദോഷവും മാറുമെന്നാണ് വിശ്വാസം.
ആദ്യകാലങ്ങളിൽ പതിനെട്ടാം പടിക്ക് സമീപത്തായിരുന്നു പറ കൊട്ടിപ്പാട്ട് നടന്നിരുന്നത്. തിരക്ക് വർധിച്ചതിനെ തുടർന്ന് പിന്നീട് മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. നിലവിൽ 14 പേരാണ് ഈ ആചാരപ്രകാരം പറ കൊട്ടിപ്പാടുന്നത്.