ശബരിമല: തൃശ്ശൂര്‍ തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള 121 കലാകാരന്മാര്‍ അണിനിരന്ന പാണ്ടി മേളം സന്നിധാനത്ത് കൊട്ടിക്കയറി. തിരുവമ്പാടി, പാറമേല്‍ക്കാവ് വിഭാഗങ്ങള്‍ക്ക് മേളം ഒരുക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതിലധികവും. സന്നിധാനത്ത് മേളം തീർത്തതിലെ സന്തോഷവും സംഘം പങ്കുവച്ചു.
ക്ഷേത്രമതിലിനകത്ത് സാധാരണയായി പാണ്ടിമേളം പതിവില്ല. തൃശ്ശൂര്‍പൂരത്തിന് വടക്കുംനാഥക്ഷേത്രത്തിനുള്ളില്‍ മാത്രമാണ് ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുന്ന പാണ്ടിമേളം കൊട്ടുന്നത്. 60ഓളം ചെണ്ടക്കാരും 25ഓളം കൊമ്പ്‌വാദ്യക്കാരും 15 കുറുങ്കുഴല്‍ വാദ്വാന്മാരും ഇലത്താളക്കാരുമായി നൂറോളം പേരാണ് മേളത്തിൽ അണിനിരന്നത്.
ചെണ്ടയുടെ വലന്തലയില്‍തീര്‍ത്ത പാണ്ടിയുടെ ആസുരസൗന്ദര്യം തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരെപ്പോലും ലയിപ്പിച്ചു. എക്‌സൈസ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. രണ്ടുമണിക്കൂര്‍ നീണ്ട മേളപ്പെരുമയില്‍ ഇരുപതിലധികം കലാശങ്ങള്‍ കൊട്ടിക്കയറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടൈറ്റസ് മേളത്തിനൊപ്പം ചുവട് വച്ചതും കാണികളിൽ കൗതുകം സൃഷ്ടിച്ചു