പത്തനംതിട്ട: ക്ഷേത്ര മേല്‍ശാന്തിയുടെ അഞ്ച് പവന്‍റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ കീഴ്‌ശാന്തിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി പത്തുമുറി കാര്യാട്ടു മഠത്തില്‍ ശ്രീരാജ് നമ്പൂതിരി (27) ആണ് അറസ്റ്റിലായത്. വയോധികയെ തോക്കു ചൂണ്ടി കൊള്ളയടിച്ച കേസില്‍ ജയിലില്‍ ആയിരുന്ന ശ്രീരാജ് നമ്പൂതിരിയെ കസ്റ്റഡിയില്‍ വാങ്ങിയാണ് പന്തളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തട്ട ഒരിപ്പുറം ക്ഷേത്രത്തില്‍ കീഴ്‌ശാന്തിയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു മോഷണം. മേല്‍ശാന്തി മനു നമ്പൂതിരി തിടപ്പള്ളിയില്‍ ഊരിവച്ച അഞ്ച് പവന്‍റെ സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചത്. തട്ട ക്ഷേത്രത്തില്‍ കീഴ്‌ശാന്തിയായി ശ്രീരാജ് നാല് വര്‍ഷം ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് മോഷണം നടത്തിയത്. വൃദ്ധയെ വീട്ടില്‍ കയറി തോക്കു ചൂണ്ടി 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ റിമാന്‍ഡിലാണ് ഇയാളിപ്പോള്‍. കോട്ടയം അയര്‍ക്കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പാലാ സബ് ജയിലില്‍ എത്തിയാണ് പന്തളം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തട്ടയിലെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.