പത്തനംതിട്ട : പാപ്പാന്മാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സീത എന്ന ആന കരയ്ക്ക് കയറി. അയിരൂരില്‍ പമ്പാനദിക്കരയിൽ തളച്ചിരുന്ന ആന തിങ്കളാഴ്‌ച ഉച്ചയോടെ ഇടഞ്ഞ് ആറ്റില്‍ ചാടുകയായിരുന്നു. കരയ്ക്ക് കയറ്റാൻ പാപ്പാന്മാർ നടത്തിയ ശ്രമങ്ങളെല്ലാം ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടു.
കുളിച്ചുല്ലസിച്ചുനടക്കുന്ന സീതയെ കാണാൻ ഇരുകരകളിലും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ പാപ്പാന്മാർ ആറ്റിൽ ഇറങ്ങി ആനയുടെ പുറത്തുകയറി കരയ്ക്ക് കയറ്റാൻ ശ്രമം നടത്തി. എന്നാൽ, പാപ്പാന്മാരെ സീത തട്ടി വെള്ളത്തിലിട്ടു. ആറിന്‍റെ തീരത്തോട് ചേർന്ന് സീതയെത്തിയപ്പോൾ കരയ്ക്ക് നിന്ന ഒരു പാപ്പാൻ മുകളിലേക്കുചാടി.
എന്നാൽ, പിടിയുറപ്പിക്കും മുൻപേ ആന പാപ്പാനെ തട്ടിക്കളഞ്ഞ് മുന്നോട്ടുപോയി. വെള്ളത്തിൽ നീന്തി നടക്കുമ്പോഴും സീത വലിയ രീതിയിൽ പ്രകോപിതയാകുകയോ പാപ്പാൻമാരെ ഉപദ്രവിയ്ക്കാൻ ശ്രമിയ്ക്കുകയോ ചെയ്‌തില്ല. സീതയുടെ അടുത്തെത്തി അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പാപ്പാന്മാർ പുതിയ തന്ത്രം പരീക്ഷിച്ചു.
ആന ആറ്റിലെ നിശ്ചിത പരിധിയിൽ നിന്നും പുറത്തുപോകാതിരിക്കാൻ ആദ്യം ആറ്റിൽ വടം കെട്ടിതിരിച്ചു. തുടർന്ന്, ആറ്റിലിറങ്ങിയ അഞ്ച് പാപ്പാന്മാർ ആനയെ പുറകിൽ നിന്നും ഓടിച്ച് കരയിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സീത കരയ്ക്ക് കയറി. പാപ്പാന്മാർ പിന്നാലെയെത്തി ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കരയ്ക്ക് കയറിയ ശേഷവും സീത പ്രകോപിതയായില്ല. ഇതറിഞ്ഞതോടെയാണ് അയിരൂർ നിവാസികൾക്ക് ആശ്വാസമായത്. ആന കരയ്ക്ക് കയറിയാൽ വലിയ നാശനഷ്‌ടങ്ങൾ ഉണ്ടാക്കും എന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. പാപ്പാന്മാർ ആനയെ കരയ്ക്ക് കയറ്റുമ്പോഴേക്കും കോന്നിയിൽ നിന്നും എലിഫന്‍റ് സ്‌ക്വാഡ് ഉൾപ്പടെയുള്ള സന്നാഹങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.
ആന പ്രേമികള്‍ പാട്ടത്തിനെടുത്തതാണ് സീതയെ. പാമ്പാനദിക്കരയിൽ തളച്ചിരുന്ന ആനയെ കുളിപ്പിക്കാനായി അഴിയ്ക്കുമ്പോൾ ഇടയുകയും ആറ്റിലേക്ക് ചാടുകയുമായിരുന്നു. ആനയെ പാപ്പാന്മാർ അടിച്ചപ്പോഴാണ് ആന ഇടഞ്ഞ് ആറ്റിൽ ചാടിയതെന്ന് നാട്ടുകാര്‍ പറയുന്നു.