പത്തനംതിട്ട : അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് നദികളായ പമ്പ, മണിമലയാർ, അച്ചന്‍കോവില്‍ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജില്ലയിലെ മഴക്കെടുതി വിലയിരുത്തുന്നതിന് കലക്‌ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം 20 മുതല്‍ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാമുന്നറിയിപ്പ്. ഇതില്‍ 20, 21 തിയ്യതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി-ആനത്തോട് ഡാം തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ തുറന്നിട്ടുണ്ട്. 979.9 മീറ്റര്‍(94%) ജലനിരപ്പാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നെങ്കിലും നിലവിൽ നീരൊഴുക്കിന് കുറവ് വന്നിട്ടുണ്ട്.
വനമേഖലയില്‍ ശക്തമായ മഴയോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് ഇപ്പോള്‍ വളരെ ചെറിയ തോതില്‍ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഡാം തുറന്നുവിട്ടതിനെ തുടർന്ന് 15 സെ.മി മാത്രമാകും പ്രദേശത്തെ ജലനിരപ്പ് ഉയരുക.
Also Read: മഴക്കെടുതി : പത്തനംതിട്ടയില്‍ 80 ദുരിതാശ്വാസ ക്യാമ്പുകൾ,തകര്‍ന്നത് 27 വീടുകൾ
ഡാം തുറക്കുന്നതിന് മുൻപ് കൃത്യമായ മുന്നറിയിപ്പ് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ല കലക്‌ടര്‍ നൽകിയിരുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെ സംബന്ധിച്ചും വരും ദിവസങ്ങളില്‍ ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്‌തതായി മന്ത്രി അറിയിച്ചു.