പത്തനംതിട്ട: കേരളത്തിന്‍റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായ പടയണി പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാവുകളിൽ അരങ്ങേറി തുടങ്ങി. 'പടേനി' എന്നു വിളിപ്പേരുള്ള കോലം തുള്ളലിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. തീച്ചൂട്ടുകളുടെയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് അവതരണ രീതി. ചടങ്ങുകൾ തീരുന്നത് വരെ ഈ ചൂട്ടു തീ അണയാതെ എരിഞ്ഞു കൊണ്ട് തന്നെ നിൽക്കണം. കവുങ്ങിൻ പാളകളിൽ നിർമിച്ച ചെറുതും വലുതുമായ ധാരാളം കോലങ്ങളുണ്ട്. തപ്പ് കൈമണി ചെണ്ട തുടങ്ങിയ വാദ്യമേളങ്ങൾക്കിടയിലാണ് പടയണി കോലങ്ങൾ തുള്ളുന്നത്.
നാനാജാതി മതസ്ഥരുടെ പങ്കാളിത്തം പടയണിയിൽ കാണാം. വസൂരി പോലെയുള്ള സാംക്രമിക രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ മറുതക്കോലവും ഇഷ്ട സന്താനലാഭത്തിനു കാലാരിക്കോലവും രാത്രി കാലങ്ങളിലെ ഭയം മൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻ കോലവും കെട്ടുന്നു. ഗണക സമുദായത്തിൽ പെട്ടവരാണു വേഷങ്ങളും ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്. ഭഗവതി അഥവാ ഭദ്രകാളിയാണ് പ്രധാന കോലം. കാലാരിക്കോലം,പക്ഷിക്കോലം,യക്ഷിക്കോലം കുതിരക്കോലം എന്നിവയാണ് പ്രധാനപ്പെട്ട കോലങ്ങൾ. അർദ്ധരാത്രിയിൽ ആരംഭിക്കുന്ന കോലം തുള്ളൽ അവസാനിക്കുന്നത് അതിരാവിലെയാണ്.