പത്തനംതിട്ട: പടയണിയെന്ന കോലം തുള്ളലിനു ഉപയോഗിക്കുന്ന കോലങ്ങൾ പിറവിയെടുക്കുന്നതിന് പിന്നിൽ ധാരാളം ആളുകളുടെ കഠിനാധ്വനമുണ്ട്. തുള്ളൽ നടക്കുന്നതിന് തലേ ദിവസം തന്നെ കോലങ്ങളുണ്ടാക്കാൻ തുടങ്ങും. പ്രകൃതിയോടു ഇണങ്ങി നിൽക്കുന്ന തരത്തിലാണ് ഓരോ കോലങ്ങളും ഇവർ കെട്ടിയുണ്ടാക്കുന്നത്. കമുകിൻ പാളയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഒരംശം പോലും ഈ കോലങ്ങളുണ്ടക്കാൻ ഉപയോഗിക്കാറില്ല.
കമുകിൻ പാള കലാ ഭംഗിയോടെ മുറിച്ച് നിശ്ചിതമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽ കൊണ്ട് കൂട്ടിയോജിപ്പിക്കും. ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വർണക്കടലാസും കൊണ്ട് അലങ്കരിക്കും. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ചെങ്കല്ല് കരി മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകളുണ്ടാക്കും. ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ രൂപങ്ങൾ അവയിൽ വരയ്ക്കും. ഇങ്ങനെ തയാറാക്കി എടുക്കുന്ന കോലങ്ങളാണ് തുള്ളൽ കലാകാരൻമാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നത്. കാലൻകോലം, ഭൈരവി കോലം എന്നിവയ്ക്ക് അമ്പത്തൊന്നും നൂറ്റൊനും പാള വരെ ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കലാരൂപം പ്രകൃതിയോടു ഇണങ്ങി നിൽക്കുന്ന ഒന്നു കൂടിയാണ്.