പത്തനംതിട്ട: ലോക് ഡൗൺ മൂലം ആശുപത്രികളില്‍ പോകാന്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇനി വീട്ടിലിരുന്ന് ഡോക്ടറുടെ സഹായം തേടാം. 'ഒപ്പം ഡോക്‌ടര്‍ ഓണ്‍ലൈന്‍' എന്ന വെബ്‌സൈറ്റ് വഴി ജില്ലയിലുള്ളവർക്ക് ഡോക്‌ടർമാരുടെ സേവനം ലഭ്യമാകും. കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് 'ഒപ്പം ഡോക്‌ടര്‍ ഓണ്‍ലൈന്‍'. ഏത് വിഭാഗത്തിലെ ഡോക്‌ടറെയാണ് ബന്ധപ്പെടണ്ടതെന്ന് തിരഞ്ഞെടുത്തതിനുശേഷം ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി തീയതി തീരുമാനിക്കുക. ശേഷം ഡോക്ടര്‍ നിങ്ങളെ ഫോണില്‍ ബന്ധപ്പെടുകയും വേണ്ട നിർദേശങ്ങളും ഒപ്പം ഓണ്‍ലൈന്‍ വഴി മരുന്നുകളുടെ കുറിപ്പും നല്‍കും.
kgmoapta.com എന്ന വെബ്‌സൈറ്റില്‍ കയറി 'ഒപ്പം' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജില്ലയിലെ വിവിധ ഡോക്‌ടര്‍മാരുടെ പേരുകള്‍ കാണാവുന്നതാണ്. എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും പൊതുജനാരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടെയും പ്രാഥമികാരോഗ്യ- കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്‌ടര്‍മാരുടെയും സേവനം ഇത്തരത്തില്‍ ലഭ്യമാണ്. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിൽ പ്രവർത്തിക്കുന്ന എഴുപതോളം ഡോക്ടര്‍മാരുടെ സേവനം ഇതുവഴി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ആരോഗ്യരംഗത്ത് നൂതന മാർഗം ഉപയോഗിച്ചുള്ള വെബ്‌സൈറ്റിന്‍റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം ജില്ലാ കലക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു.