ന്യൂഡല്‍ഹി; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ നിർണായക വാദം. ഒൻപതംഗ വിശാല ബെഞ്ചാണ് വാദം കേൾക്കുന്നത്. അതേസമയം, യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനം, മുസ്ലീംസ്ത്രീകളുടെ പള്ളി പ്രവേശനം, പെൺചേലാകർമം, പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം അടക്കമുള്ള വിഷയങ്ങളും ഒൻപതംഗ ബെഞ്ച് പരിഗണിക്കും.
ഏതൊക്കെ വിഷയങ്ങളില്‍ കൂടുതല്‍ വാദം കേൾക്കണം എന്ന് തീരുമാനിക്കാൻ മൂന്നാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പുതിയ കക്ഷികൾ വേണ്ടെന്നും ഒരേ വിഷയത്തില്‍ ഒന്നിലധികം വാദം വേണ്ടെന്നും ഒൻപതംഗ ബെഞ്ച് തീരുമാനിച്ചു.
പുനപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏഴ് കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ഒൻപതംഗ ബെഞ്ചിന്‍റെ പരിശോധനയ്ക്ക് വിട്ടിരുന്നു. ഈ വിഷയങ്ങളിലാണ് വാദം നടക്കുന്നത്. ഹിന്ദു എന്നതിന്‍റെ നിർവചനം, ഭരണഘടനാ ധാർമികത, മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉൾപ്പെടെ ഏഴ് കാര്യങ്ങളിലാണ് വിശദമായ വാദം കേൾക്കുക.