പത്തനംതിട്ട : നാലാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അമ്മ വാങ്ങി നൽകിയ ഒരു ഇലക്ട്രോണിക് കളിപ്പാട്ടമാണ് കുഞ്ഞു സിദാന്‍റെ മനസില്‍ ശാസ്ത്ര കൗതുകങ്ങളുടെ മഴവില്ല് വിരിയിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കൗതുകം എത്തി നിന്നത് റാസ്‌പി എന്ന റോബോട്ടിന്‍റെ പിറവിയിലും.
പ്രതികരണ ശേഷിയുള്ള റോബോട്ട് എന്നതാണ് റാസ്‌പിയുടെ പ്രത്യേകത. യൂട്യൂബ് വഴി ലഭിച്ച അറിവുകള്‍ പ്രയോജനപ്പെടുത്തിയാണ് സിദാന്‍, റാസ്‌പിയുടെ നിര്‍മാണം പൂർത്തിയാക്കിയത്. റോബോട്ടിന് നിർമിത ബുദ്ധി നൽകാൻ പ്രോഗ്രാം ചെയ്യാനുള്ള സോഫ്റ്റ്‌വെയർ വരെ ഒറ്റയ്ക്ക് ചെയ്തു ഈ കൊച്ചുമിടുക്കൻ.
ഇതിനായി കമ്പ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണും സിദാന്‍ സ്വായത്തമാക്കിയിട്ടുണ്ട്. നിർമാണത്തിനാവശ്യമായ ലോഹ ഷീറ്റുകൾ ഒഴിച്ച് ബാക്കി എല്ലാ ഘടകങ്ങളും ഓൺലൈനായാണ് എത്തിച്ചത്. പലവട്ടം പരാജയപ്പെട്ട ശേഷമാണ് റോബോട്ട് പ്രതികരണ ശേഷിയോടെ പ്രവർത്തന സജ്ജമായതെന്ന് സിദാൻ പറയുന്നു.
ഇപ്പോള്‍ സിദാന്‍റെ ചോദ്യങ്ങൾക്ക് റാസ്‌പി കൃത്യമായ മറുടി നൽകും. ആവശ്യപെടുന്നതനുസരിച്ച് കമ്പ്യൂട്ടറിൽ സെർച്ച് ചെയ്ത് ഫയലുകൾ തുറന്നുനൽകും. അറിവുനൽകലും സല്ലാപവുമൊക്കെയായി ഇരുവരും വലിയ കൂട്ടുകാരാണിപ്പോള്‍.
also read: 'മോദി അസാമാന്യ വീര്യമുള്ളയാള്‍': പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
നേരത്തെ ഫോർ വീലർ വാഹനവും കാഴ്ചയില്ലാത്തവർക്ക് ഉപയോഗിക്കാവുന്ന വോക്കിങ് സ്റ്റിക്കുമുൾപ്പടെയുള്ളവ സിദാന്‍ നിര്‍മിച്ചിട്ടുണ്ട്. സ്വന്തമായി റോബോട്ട് കൂടി നിർമിച്ചതോടെ അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസുകാരനായ സിദാന്‍ സഹപാഠികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും താരമാണ്.
സിദാന് എല്ലാ പിന്തുണയുമായി മാതാപിതാക്കളായ ഷനാസും ഷെറിനും സഹോദരങ്ങളായ സഫീറയും ഹംദാനും കൂടെയുണ്ട്. ഇനി അയേൺമാനെ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് റോബോട്ടിക് എഞ്ചിനീയറിങ് ലക്ഷ്യം വയ്ക്കുന്ന ഈ കൊച്ചുമിടുക്കന്‍.