പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിയിൽ അവ്യക്തത നിലനിൽക്കെ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ ശക്തമാക്കി. നിലയ്ക്കലിൽ എത്തുന്ന വാഹനങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ നിലയ്ക്കൽ ബേസ് ക്യാംപിലേക്കും പമ്പയിലേക്കും കടത്തിവിടുന്നുള്ളൂ. കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നുന്ന ആളുകളുടെ ഐഡന്‍റിറ്റി കാർഡുകളും പരിശോധിക്കും. വനിത പൊലീസുകാരെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.
ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലിൽ നിന്നും പമ്പ വരെ കെഎസ്ആർടിസി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് എസ്‌പിമാരുടെ നേതൃത്വത്തിൽ വനിത പൊലീസിനെ ഉൾപ്പെടെ വിന്യസിച്ചിരിക്കുകയാണ്.
യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നെന്നും അതിനാൽ യുവതീ പ്രവേശനം വേണ്ടെന്നുമാണ് സർക്കാരിന് എജി നൽകിയ നിയമോപദേശം. അതേസമയം ഇന്നലെ ആന്ധ്രാ പ്രദേശിൽ നിന്ന് പമ്പയിലെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചിരുന്നു. വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.