ശബരിമല: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ വിവിധ ഹോട്ടലുകളിൽ നിന്നായി 35,000 രൂപ പിഴ ഈടാക്കി. ജില്ലാ കലക്ടര്‍ നിജപ്പെടുത്തിയ അളവില്‍കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താതിരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.
ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും പിഴ ഈടാക്കി. നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപയും പിഴ ഈടാക്കി.