പത്തനംതിട്ട : റാന്നി മുക്കൂട്ടുതറയില്‍ നിന്ന് 2018ൽ കാണാതായ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജ് വിദ്യാർഥിനിയായിരുന്ന ജസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചരണം വ്യാജമെന്ന് അന്വേഷണസംഘം. ജസ്‌നയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജസ്‌ന മരിയ ജയിംസിനെ റാന്നി മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് കാണാതായത്.
വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്.
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലിവരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി.
വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബെംഗളൂരു, പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കേസിൽ പുരോഗതിയുണ്ടാകാതിരു ന്നതിനെ തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.