പത്തനംതിട്ട: ശബരിമലയിൽ സംഗീതാർച്ചന നടത്തി സംഗീതാധ്യാപകനായ ബേബി പ്രകാശ്. തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജ് അധ്യാപകനായ ബേബി പ്രകാശ് ശിഷ്യരോടൊത്താണ് സന്നിധാനം നടപ്പന്തലിലെ മുഖമണ്ഡപത്തിൽ സംഗീതക്കച്ചേരി നടത്തിയത്. നിനു കോരി വസന്ത വർണത്തിൽ ആരംഭിച്ച കച്ചേരി ഹംസധ്വനി രാഗത്തിലെ വരവല്ലഭയെന്ന ഗണപതി സ്‌തുതിയോടെ മുറുകി.
കീരവാണി രാഗത്തിൽ രാമനാട് ശ്രീനിവാസ അയ്യങ്കാർ ചിട്ടപ്പെടുത്തിയ നിജമുഖ രാമാ എന്ന കീർത്തനമായിരുന്നു മുഖ്യാലാപാനം. കീരവാണി രാഗത്തിൻ്റെ സൂക്ഷ്‌മഭാവങ്ങളെ ബേബി പ്രകാശ് ഉള്ളറിഞ്ഞാലപിച്ചപ്പോൾ ദർശനത്തിനെത്തിനെത്തിയ തീർഥാടകർക്കത് വിരുന്നായി. മായാമാളവ ഗൗളയിലെ ദേവദേവ കലയാമിതേ എന്ന കൃതിക്ക് ശേഷം ജോൻപുരിയിലെ തില്ലാനയോടെ മംഗളം പാടി ബേബി കച്ചേരിക്ക് വിരാമമിട്ടു. ആർഎൽവിയിൽ ബേബി പ്രകാശിൻ്റെ ശിഷ്യരായ എം എസ് സതീഷ് മൃദംഗത്തിലും മാനവ് രാജ് വയലനിലും പക്കം ഒരുക്കി.