പത്തനംതിട്ട : അടൂരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അടൂർ വടക്കടത്തുകാവ് കിണറുവിളയിൽ വീട്ടിൽ ബിജോയ് തോമസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച രാത്രി 11.30ഓടെ അടൂർ ജനറൽ ആശുപത്രിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. ബിജോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. വധ ശ്രമത്തിനാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
ചൊവ്വാഴ്‌ച രാത്രി 10.30ഓടെ അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽപ്പെട്ടവരെ ബിജോയ് ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം ആശുപത്രിക്ക് മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു.
ഈ സമയം ഈ വഴി അമിത വേഗത്തിലെത്തിയ ഒരു കാർ ബിജോയിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുന്നോട്ടു പോയ കാർ വീണ്ടുമെത്തി ഇടിക്കാനായി ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നവർ റോഡിൽ വീണുകിടന്ന ബിജോയിയെ എടുത്തുമാറ്റുകയായിരുന്നു.
ബിജോയിയെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. നട്ടെല്ലിനും ഇടത് കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നവർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. രണ്ടുദിവസം മുൻപ് ബിജോയിയുടെ സുഹൃത്തിന്‍റെ കാർ പറക്കോട് ഭാഗത്തുവച്ച് മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു.
ഇത് വാക്കുതർക്കത്തിനിടയാക്കി. സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. അടൂർ സി ഐ ടി ഡി പ്രജീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
ALSO READ: പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം: പോക്സോ കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ