പത്തനംതിട്ട : വധശ്രമ കേസുൾപ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി റാന്നി പോലീസിന്‍റെ പിടിയില്‍. തുണ്ടിയില്‍ വിശാഖ് (27)ആണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം തമിഴ് നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
മോടിയില്‍ അജു എം രാജന്‍ (23), ആറ്റുകുഴി തടത്തില്‍ അരുണ്‍ ബിജു (25) എന്നിവരാണ് അറസ്റ്റിലായ വിശാഖിന്‍റെ സുഹൃത്തുക്കള്‍. ഈ സുഹൃത്തുക്കളും വിശാഖിന്‍റെ കുറ്റകൃത്യ സംഘത്തില്‍പ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. മുക്കാലുമണ്‍ സ്വദേശി രാജേഷിനെ ഇക്കഴിഞ്ഞ മാസം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു വിശാഖ്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, നിരപരാധികളായ നാട്ടുകാരെ വഴി തടഞ്ഞുനിർത്തി ആക്രമിക്കല്‍, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് വിശാഖ്. തമിഴ്നാട്ടിലെ എരുമപ്പെട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് സംഘത്തിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ALSO READ:പറവൂർ വിസ്മയ കൊലപാതകം; സഹോദരി ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇതര സംസ്ഥാനങ്ങളിലെ പ്രഫഷണൽ കോളേജുകളിൽ കുട്ടികളെ എത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു വിശാഖ്. ഇയാള്‍ അഡ്മിഷൻ നടത്തി കൊടുക്കുന്ന ഭൂരിഭാഗം ആൾക്കാരും കോഴ്‌സ് പൂർത്തിയാക്കാൻ സാധിക്കാതെ തിരികെ വന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു. വൻതുക കമ്മിഷൻ വാങ്ങിയും മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്.
പിന്നീട് പറയുന്ന സൗകര്യങ്ങൾ ഇല്ലാത്തതു മൂലം കുട്ടികൾ പഠനം പൂർത്തിയാക്കാതെ മടങ്ങി പോവുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഇയാള്‍ക്കെതിരെ റാന്നി പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബാംഗ്ലൂര്‍, സേലം, കോയമ്പത്തൂർ, നാമക്കൽ എന്നീ സ്ഥലങ്ങളിലാണ് സംഘം ഒളിവിൽ കഴിഞ്ഞുവന്നത്.
വിശാഖ് ഉപയോഗിക്കുന്ന വാഹനം രൂപം മാറ്റി ഉപയോഗിച്ചതിന് ആര്‍.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.