പത്തനംതിട്ട : അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും തമിഴ്‌നാട് പൊലീസ് തേടുകയുമായിരുന്ന സഹോദരങ്ങൾ പത്തനംതിട്ടയിൽ പിടിയിൽ (Most Wanted Brothers Arrested). കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെൽവേലി പള്ളി കോട്ടൈ നോർത്ത് സ്ട്രീറ്റിൽ മാടസ്വാമി (27), ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരെയാണ് ആറന്മുള പൊലീസ് പിടികൂടിയത്.
സംഭവം ഇങ്ങനെ : ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. കോഴഞ്ചേരി സ്‌റ്റേഷൻ പരിധിയില്‍ ഉള്ള ഓമല്ലൂരില്‍ എത്തിയ പൊലീസുകാർ അവിടെ വെച്ച് ലോട്ടറി വില്‍ക്കുന്ന രണ്ടുപേരെ കണ്ടു.
ഇവരുടെ മുഖഭാവത്തില്‍ പൊലീസുകാർക്ക് സംശയം തോന്നി. പൊലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. കൂടാതെ തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെടുകയും ചെയ്‌തു. ഇതോടെയാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായതും തമിഴ്‌നാട് പൊലീസ് തേടുന്ന കൊടും കുറ്റവാളികളാണ് ഇവർ എന്ന് മനസിലായതും.
തമിഴ്‌നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്ന് കൊലക്കേസുകൾ ഉൾപ്പടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ആറുമാസമായി രണ്ടുപേരും കൂടി മാതാപിതാക്കളോടൊപ്പം വന്നുതാമസിച്ച് കോഴഞ്ചേരിയിലും പരിസരങ്ങളിലും ലോട്ടറി വിൽപ്പന നടത്തി വരികയാണ്.
തമിഴ്‌നാട്ടില്‍ കുറ്റകൃത്യം നടത്തിയ ശേഷം കേരളത്തിലേക്ക് രക്ഷപ്പെടുന്നതായിരുന്നു പ്രതികളുടെ രീതി. ഇവരെ പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാര്‍, ആറന്മുള ഇൻസ്പെക്‌ടര്‍ സി.കെ മനോജ് എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘം വിശദമായി ചോദ്യംചെയ്ത ശേഷം തമിഴ്‌നാട് പൊലീസിന് കൈമാറും.
തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ: എറണാകുളം അങ്കമാലിയിൽ തമിഴ്‌നാട് സ്വദേശിയായ കണ്ണൻ എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ അതേ സംസ്ഥാനക്കാരായ തിരുയെൻഗാമല തിരുമൈലൂർ അരവിന്ദൻ (59), തിരുവള്ളൂർ മാരിയമ്മൻ കോവിൽ നാഗമണി (42) എന്നിവരെ അങ്കമാലി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജൂലൈ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം(Tamilnadu native found dead two arrested).
അങ്കമാലി കരയാംപറമ്പ് സ്വദേശിയായ വർഗീസ് എന്നയാളുടെ എളവൂരിലെ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിൽ പുറമെ പരിക്കുകൾ ഉണ്ടായിരുന്നില്ല. പോസ്‌റ്റ്‌മോർട്ടത്തിൽ മരണ കാരണം തലയോട്ടി പൊട്ടിയതാണെന്നും ശക്തിയായി ഭിത്തിയിലോ തറയിലോ അടിച്ചാൽ ഉണ്ടാകുന്ന തരത്തിലുള്ള മുറിവാണെന്നും വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.