പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ ആറ് മാസം മുന്‍പ് നടന്നത് 8.13 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ബാങ്കിലെ കാഷ്യറായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് പണവുമായി മുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു.
ഒരു വർഷത്തിലധികമായി വിജീഷ് നടത്തിവന്ന തട്ടിപ്പിന്‍റെ വിശദാംശങ്ങള്‍ ഓഡിറ്റിംഗിനിടെയാണ് പുറത്തുവന്നത്. വിവിധ അക്കൗണ്ടുകളിൽ നിന്നുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇൻഷുറൻസ് ക്ലെയിം തുക, ദീർഘകാല സ്ഥിരം നിക്ഷേപകർ, കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാതിരുന്ന അക്കൗണ്ടുകൾ എന്നിവയിൽ നിന്നും 190 ലധികം ഇടപാടുകളിലൂടെ പതിനാല് മാസം കൊണ്ട് ഇയാൾ 8.13 കോടി രൂപ കവരുകയായിരുന്നു.
Read more: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ
പണം തട്ടിയ ശേഷം ഇയാൾ കുടുംബ സമേതം ഒളിവിൽ പോയതായാണ് സൂചന. ഇയാളുടെ കാർ ഉപേക്ഷിക്കപെട്ട നിലയിൽ കൊച്ചി കലൂരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.