പത്തനംതിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി കെ രാധാകൃഷ്‌ണൻ. അയ്യപ്പ ദര്‍ശനവും കാത്ത് ക്യൂവില്‍ നില്‍ക്കുന്ന ഭക്തരെ വേഗത്തില്‍ കയറ്റിവിടാനുള്ള സംവിധാനം ഒരുക്കണമെന്ന് പൊലീസിനോടും ദേവസ്വം അധികൃതരോടും മന്ത്രി ആവശ്യപ്പെട്ടു. തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സുരക്ഷ സംവിധാനങ്ങളും ആംബുലന്‍സുകളും ക്രമീകരിക്കാനും നിര്‍ദേശം (Devotees Crowd In Sabarimala). അവധി ദിനങ്ങളില്‍ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദേശം.
പുല്ല്‌മേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്: ശബരിമല സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനന പാതയാണ് പുല്ല്‌മേട്. നിരവധി ഭക്തര്‍ സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത് കൊണ്ട് തന്നെ പുല്ല്‌മേട്ടിലും വനം വകുപ്പ് സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കി. പുല്ല്‌മേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് സന്നിധാനത്തെത്തുന്നത്.
ഇത്തവണ മണ്ഡലകാല ദര്‍ശനത്തിനായി 13,270 ഭക്തരാണ് പുല്ല്‌മേട്ടിലൂടെ സന്നിധാനത്ത് എത്തിയത്. കൂടാതെ അഴുതക്കടവിലൂടെ 23,331 ഭക്തരും അയപ്പ ദര്‍ശനത്തിന് എത്തി. സത്രത്തില്‍ നിന്നും വനത്തിലൂടെ 12 കിലോമീറ്റര്‍ യാത്ര ചെയ്‌താലെ സന്നിധാനത്ത് എത്താന്‍ സാധിക്കുകയുള്ളൂ (Minister K Radhakrishnan). പുല്ല്‌മേട്ടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ചിടങ്ങളിലായി ഭക്തര്‍ക്ക് വിശ്രമ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുടിവെള്ള സൗകര്യവും സുരക്ഷയും കേന്ദ്രങ്ങളിലുണ്ട്.
സുരക്ഷയൊരുക്കി വനം വകുപ്പ്: ശബരിമലയിലേക്കുള്ള കാനന പാതയില്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കാന്‍ നിരവധി വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 35 വനം വകുപ്പ് ജീവനക്കാരും 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും 30 പേര്‍ അടങ്ങുന്ന എലഫ്ന്‍റ് സ്‌ക്വാഡുകളെയുമാണ് കാനനപാത അടക്കമുള്ള ഇടങ്ങളില്‍ വിന്യസിച്ചിട്ടുള്ളത് (Forest Department In Pathanamthitta).
കാനനപാതയില്‍ അടക്കം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇത്തരം വന്യമൃഗ ആക്രമണങ്ങളെ തടയാന്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മേഖലയില്‍ രാത്രികാല നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് (Crowd In Sabarimala).
കാനനപാതയിലൂടെ കടന്നു പോകുന്ന ഭക്തരുടെ കണക്കുകള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. പാതയിലൂടെ കടന്നുപോകുന്ന അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തും. മാത്രമല്ല കാനനപാതയിലൂടെ ഭക്തരെ കടത്തിവിടുന്നതിന് മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാതയില്‍ പരിശോധന നടത്തും. ഭക്തരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് (Sabarimala news).