പത്തനംതിട്ട: ദര്‍ശനം കിട്ടാതെ ഒരു ഭക്തനും തിരിച്ചുപോകുന്ന അവസ്ഥ ശബരിമലയിലില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ഥ ഭക്തര്‍ തിരിച്ചുപോകില്ല. ഭക്തിയുടെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ സ്വയം പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു(Minister K Radhakrishnan Press Meet At Sabarimala).
ശബരിമല ദര്‍ശനം സംബന്ധിച്ച് ആക്ഷേപമുണ്ടാകുന്നത് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ്. പ്രശ്‌നം പരിഹരിച്ച ശേഷവും ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സന്നിധാനത്ത് ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരക്ക് എങ്ങനെ നിയന്ത്രിച്ചാലും കയറേണ്ടത് പതിനെട്ടാംപടിയാണെന്ന് മനസ്സിലാക്കണം. ശബരിമലയില്‍ വനഭൂമി വിട്ടുകിട്ടുന്നതിനും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും നിലവിലുള്ള പരിമിതികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മികച്ച സൗകര്യങ്ങളൊരുക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. വരുമാനം കൂടുന്നതും കുറയുന്നതും സര്‍ക്കാരിന്‍റെ വേവലാതിയില്ല. വരുമാനത്തെ ആശ്രയിച്ചല്ല ശബരിമലയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്നും മന്ത്രി വ്യക്തമാക്കി.
മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കും. ശബരിപീഠം മുതല്‍ സന്നിധാനം വരെ 36 കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫന്‍സ് വാളിന്‍റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇവിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടാകും.
ക്യൂ കോംപ്ലക്‌സില്‍ ആവശ്യമുള്ളവര്‍ മാത്രം കയറിയാല്‍ മതിയാകും. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിലയ്ക്കല്‍ കയറാതെ നേരെ പോകുന്നതിനുള്ള സൗകര്യമൊരുക്കും. ശബരിമലയിലേക്ക് വരുന്ന ഭക്തരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. ഈ വര്‍ഷം ഒരുലക്ഷത്തിലധികം അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനെത്തിയ ദിവസങ്ങളുണ്ടായി. ദര്‍ശനസമയം ഒന്നുരണ്ട് മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു.
കുട്ടികള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവര്‍ കൂടുതലെത്തുന്നതും പതിനെട്ടാം പടി കയറുന്നതില്‍ കാലതാമസമുണ്ടാക്കുന്നുണ്ട്. 12000 കുട്ടികളാണ് ശരാശരി ഒരുദിവസം മലകയറുന്നത്. കുട്ടികളുടെ എണ്ണം വെര്‍ച്വല്‍ ക്യൂ ബുക്കിങില്‍ ഉള്‍പ്പെടുന്നില്ല. വെര്‍ച്വല്‍ ക്യൂ, സ്‌പോര്‍ട്ട് ബുക്കിങ് വഴികളിലൂടെയല്ലാതെ കാനനപാതവഴിയും മറ്റും അയ്യായിരത്തോളം ഭക്തര്‍ എല്ലാദിവസവും എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.