പത്തനംതിട്ട: ജില്ലയില്‍ നല്‍കാനുള്ള 7000 പട്ടയങ്ങളുടെ നിയമ തടസങ്ങള്‍ നീക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ തടസങ്ങള്‍ മൂലം ജില്ലയിലെ ഏഴായിരം പേര്‍ക്ക് പട്ടയം ലഭിക്കുന്ന പദ്ധതി തളര്‍ന്നുകിടക്കുകയാണ്.
ഇത് പുനരുജ്ജീവിപ്പിച്ച് നിയമപരമായ തടസങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വന്യമൃഗങ്ങള്‍ കൃഷി നാശനഷ്ടം വരുത്തുന്ന കര്‍ഷകര്‍ക്കുള്ള കുടിശിക ഉള്‍പ്പടെയുള്ള നഷ്ടപരിഹാരത്തുക ഏപ്രില്‍ അവസാനത്തോടെ കൊടുത്തുതീര്‍ക്കും.
ജില്ലയിലെ വിവിധ ടൂറിസം വികസന സാധ്യതകളേക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പിന്റേയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പരിഗണനയില്‍ കൊണ്ടുവരും. ഇതിനായി എംഎല്‍എമാരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Also Read: വാഹനാപകടത്തിന് കാരണമായ പന്നിയെ വെടിവച്ചുകൊന്ന് വനംവകുപ്പ്
സര്‍ക്കാര്‍ പരാതി പരിഹാര സെല്‍ പോലെയുള്ള പരിഷ്‌ക്കാരങ്ങളിലേക്ക് വനം വകുപ്പ് കടക്കുകയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള ഹോട്ട് സ്‌പോട്ടുകളില്‍ വളരെ പരിമിതമായ എണ്ണമാണ് ജില്ലയ്ക്കുള്ളത്. ഈ പട്ടികയിലേക്ക് പുതിയ വില്ലേജുകളെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പട്ടയങ്ങളുടെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് എത്രയും വേഗം നല്‍കുകയാണ് ലക്ഷ്യമെന്ന് അരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
വനഭൂമി പട്ടയമാണ് ജില്ലയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. വനമേഖലയില്‍ 7000 പട്ടയങ്ങള്‍ നല്‍കുവാനുണ്ട്. റാന്നി, കോന്നി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പട്ടയം ലഭിക്കുവാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനത്തിനുള്ളിലൂടെയുള്ള റോഡുകളുടെ നിര്‍മാണത്തിന് അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. അവയിലെ കടുപിടുത്തം വനം വകുപ്പ് അവസാനിപ്പിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
വന്യജീവി ആക്രമണം തടയുന്നതില്‍ വനം വകുപ്പിന്‍റെ പ്രാധാന്യം വളരെ വലുതാണ്. വനത്തിനോട് ചേര്‍ന്നുകിടക്കുന്ന ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് ഫോറസ്റ്റ് ഓഫിസിന്‍റെ എന്‍ഒസി ആവശ്യമായി വരുന്നുണ്ട്. അവയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നും എംഎല്‍എ പറഞ്ഞു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
വന്യ ജീവികളുടെ ആക്രമണങ്ങള്‍ കൊണ്ട് റാന്നിയിലെ കര്‍ഷകര്‍ കൃഷി നിര്‍ത്തലാക്കുന്ന അവസ്ഥയിലാണ്. ഇതു ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും എംഎല്‍എ പറഞ്ഞു. ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ജില്ലയിലെ പട്ടയങ്ങളെ സംബസിച്ച് വിശദീകരിച്ചു. എഡി എം അലക്‌സ് പി. തോമസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.