മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. മകരവിളക്ക് കഴിയുന്നത് വരെ വിവിധ വകുപ്പുകളുടെ സേവനവും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സ്പെഷ്യല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണിനെയാണ് നിയോഗിച്ചിട്ടുള്ളത്. മുഴുവന്‍ സമയ കോര്‍ഡിനേറ്ററായ പൊന്നാനി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ. സുകേഷിന്റെ നേതൃത്വത്തില്‍ ദിവസവും വൈകിട്ട് എല്ലാ വകുപ്പുകളുടെയും സംയുക്ത യോഗങ്ങള്‍ ചേരും.
ട്രാഫിക് നിയന്ത്രണത്തിനായി പൊലീസിന്‍റെ സേവനം സഹായകമാകുന്നുണ്ട്. സുരക്ഷക്കായി വിവിധയിടങ്ങളിലായി ബാരിക്കേഡുകളും 12 ലൈഫ് ഗാര്‍ഡുകളുടെ സേവനവും മിനി പമ്പയിലുണ്ടാകും. പുഴയുടെ ആഴം പരിശോധിച്ച് ഭക്തര്‍ക്ക് ഇറങ്ങാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതോടൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡല കാലം അവസാനിക്കുന്നത് വരെ ഫയര്ഫോഴ്സിന്റെ ഡിങ്കിബോട്ട് സേവനവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമിന്‍റെ സേവനവും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കായി നിലവിലുള്ള ടോയ്‌ലറ്റുകള്‍ക്ക് പുറമെ ആവശ്യമെങ്കില്‍ ബയോ ടോയ്ലറ്റുകള്‍ കൂടി സ്ഥാപിക്കാനാണ് തീരുമാനം. കുടിവെള്ളം, ഭക്തര്‍ക്ക് വിരിവെക്കാനായി പന്തല്‍, പരിസര ശുചീകരണം എന്നിവ തവനൂര്‍ ഗ്രാമപഞ്ചായത്താണ് ഒരുക്കുന്നത്.