പത്തനംതിട്ട: മില്‍മയുടെ പത്തനംതിട്ട ഡയറിക്ക് ഐഎസ്ഓ അംഗീകാരം. ഐഎസ്ഓയുടെ നാല് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുകള്‍ നേടുന്ന ഇന്ത്യയിലെ തന്നെ അപൂർവം ഡയറികളുടെ നിരയിലേക്കാണ് പത്തനംതിട്ട ഡയറി ഇടം പിടിച്ചത്. മിൽമയുടെ തിരുവനന്തപുരം യൂണിറ്റിന് കീഴിൽ മൂന്നാമത്തെ ഡയറിയായാണ് 2010ല്‍ പത്തനംതിട്ട ഡയറി പ്രവർത്തനം ആരംഭിക്കുന്നത്. പ്രതിദിനം 60000 ലിറ്റര്‍ സംഭരണ ശേഷിയാണ് പ്ലാന്‍റിനുള്ളത്. 60ല്‍ അധികം ജീവനക്കാർ, 350ല്‍ അധികം സൊസൈറ്റികള്‍, 1100 വില്‍പ്പന ഏജന്‍റുമാര്‍ തുടങ്ങി വലിയയൊരു സംഘം തന്നെ ഡയറിയുടെ വളർച്ചക്ക് പിന്നിലുണ്ട്.
പ്രവർത്തനം ആരംഭിച്ച് 5 വർഷത്തിനുള്ളില്‍ തന്നെ ഭക്ഷ്യ സുരക്ഷാ രംഗത്തെ അന്താരാഷ്ട്ര അംഗീകാരമായ 1SO 22000:2005 സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. മികവും ക്യത്യതയും ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ ഭാഗമായി ISO 9001:2015 സർട്ടിഫിക്കറ്റും പരിസ്ഥിതി മലിനീകരണം പരമാവധി കുറക്കുന്നതിന് സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമായി ISO 14001:2015 സർട്ടിഫിക്കറ്റും നേടിയെടുത്തു. കൂടാതെ തൊഴിലിട സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമായി ISO 45001:2018 സർട്ടിഫിക്കറ്റും ലഭിച്ചു. ഈ നാല് അംഗീകാരങ്ങളും നേടുന്ന കേരളത്തിലെ ആദ്യ ഡയറിയാണ് പത്തനംതിട്ടയിലേതെന്ന് മിൽമ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. തൊഴിൽ സുരക്ഷയിലും പരിസ്ഥിതി സുരക്ഷയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഡയറിയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.