പത്തനംതിട്ട: മാത്യു ടി തോമസ് എംഎൽഎ നാലാം തവണയും കൊവിഡ് നിരീക്ഷണ ഘട്ടം പൂർത്തിയാക്കി. എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 14 ദിവസം മുമ്പ് എംഎൽഎ നിരീക്ഷണത്തിൽ പ്രവേശിച്ചത്. മകളും കുടുംബവും ബെംഗളുരുവിൽ നിന്നും എത്തിയതിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് മാത്യു ടി തോമസ് എംഎൽഎ ആദ്യമായി കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.
നിരണത്ത് നടന്ന സിപിഐ നേതാവിന്‍റെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്ത കുന്നന്താനം സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎ വീണ്ടും നിരീക്ഷണത്തിലായി. ജനതാദൾ നേതാവ് എച്ച് ഡി ദേവഗൗഡയെ സന്ദർശിക്കുന്നതിനായി ബെംഗളുരുവിലേക്ക് പോകുന്നതിന് മുന്നോടിയായി കൊവിഡ് പരിശോധനക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിയ ദിവസം ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാത്യു ടി തോമസ് എംഎൽഎ മൂന്നാം തവണയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.