പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവ് റേഷൻ കട മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. തിരുവല്ല മന്നൻ കരച്ചിറയിലാണ് സംഭവം. കടയേയും ഉടമയേയും കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതിനെതുടർന്ന് മന്നൻ കരച്ചിറ സ്വദേശി ബിജു എം. പൗലോസി(35)നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബിജു കടയുടമയോട് മദ്യപിക്കാൻ 500 രൂപ ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് കടയുടമ പറഞ്ഞതോടെ കടയ്‌ക്കകത്ത് ബാരലിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലിറ്റർ മണ്ണെണ്ണ അരിച്ചാക്കുകൾ ഉൾപ്പടെയുള്ളവയുടെ മുകളിലേക്ക് ഒഴിക്കുകയും തുടർന്ന് തീപ്പെട്ടിയെടുത്ത് കടയടക്കം കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു.
കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബിജുവിനെ കസ്റ്റഡിയിൽ എടുത്തു. മുൻ നഗരസഭാ കൗൺസിലറായ കെ.കെ സോമശേഖരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് റേഷൻ കട. മണ്ണെണ്ണ പ്രയോഗത്തിൽ 20 ചാക്ക് റേഷൻ അരിയും ഒരു ചാക്ക് പഞ്ചസാരയും നശിച്ചു.