പത്തനംതിട്ട : പെൺകുട്ടിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പ്രതിയെ കൂടൽ പൊലീസ് എറണാകുളത്തുനിന്ന് പിടികൂടി. കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ രഞ്ജിത്തിനെയാണ് (26) പൊലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
2020 സെപ്റ്റംബർ മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതിയുടെയും പെൺകുട്ടിയുടെയും വീടുകളുടെ സമീപം വച്ചാണ് പീഡനം നടന്നത്. അപ്പോള്‍ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ കോഴഞ്ചേരി മഹിള മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 9ന് മഹിള മന്ദിരത്തിലെത്തി വനിത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അനുമതിയോടെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം കുട്ടിയുടെ വിശദമായ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു.
Also Read : വിവാഹേതര ബന്ധം നിലനിർത്താൻ കുഞ്ഞിനെ കൊലപ്പെടുത്തി; 38 കാരി പിടിയില്‍
ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ച പൊലീസിന് രഞ്ജിത്ത് എറണാകുളത്തുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.
അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ്‌ഐ ദിൽജേഷ്, എഎസ്‌ഐ ബിജു, എസ്‌സിപിഒ അജിത്, സിപിഒമാരായ ഫിറോസ്, അരുൺ, മായാകുമാരി എന്നിവരാണുണ്ടായിരുന്നത്.