പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ്‌ഐയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. കോന്നി സ്വദേശി മാഹീനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്‌തത്. കോന്നി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടർ സജു എബ്രഹാമിനാണ് മർദനമേറ്റത്. ഓഗസ്റ്റ് 22ന് രാത്രി 8.15നാണ് കേസിനാസ്‌പദമായ സംഭവം.
കോന്നി ടൗണിലെ ഗുരുവായൂരപ്പൻ ഹോട്ടലിലെത്തിയ എസ്‌ഐയെ ഇയാള്‍ അസഭ്യം പറയുകയും ചോദ്യം ചെയ്‌തപ്പോൾ മര്‍ദിക്കുകയുമായിരുന്നു. മുന്‍പ് മാഹീനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും കോന്നി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.
എസ്ഐ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തുമ്പോഴേക്കും ഇയാൾ രക്ഷപെട്ടിരുന്നു. ഒളിവിൽ പോയ പ്രതിയെ ഓഗസ്റ്റ് 23ന് രാവിലെ കോന്നിയിലെ ചൈനാമുക്ക് എന്ന സ്ഥലത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
Also read: ഭാര്യയ്ക്ക് ക്രൂര മർദനം: പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്