പത്തനംതിട്ട: മുംബൈയിൽ ഒഎന്‍ജിസിയുടെ റിഗ്ഗിലെ ജോലിക്കിടെ മലയാളി എഞ്ചിനീയറെ കടലില്‍ വീണു കാണാതായി. അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ ഗീവര്‍ഗീസിന്‍റെ മകന്‍ എനോസി (25) നെയാണ് കാണാതായത്. ഒഎന്‍ജിസിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള സിസ്‌റ്റം പ്രൊട്ടക്ഷന്‍ എന്ന കമ്പനിയിലെ ഇലക്‌ട്രിക്കല്‍ എഞ്ചിജിനീയറായിരുന്നു എനോസ്.
വെള്ളിയാഴ്‌ച രാത്രി മുതല്‍ എനോസിനെ കാണാതായി എന്നാണ് സിസ്‌റ്റം പ്രൊട്ടക്ഷന്‍ കമ്പനി മാനേജര്‍ വീട്ടുകാരെ അറിയിച്ചത്. ഏതാനും ആഴ്‌ച മുന്‍പാണ് കമ്പനി നിര്‍ദേശപ്രകാരം ഒഎന്‍ജിസിയുടെ എണ്ണ സംസ്‌കരണ പ്ലാറ്റ്‌ഫോമില്‍ യുവാവ് ജോലിക്ക് പോയത്. ഒരു വര്‍ഷമായി എനോസ് ഈ കമ്പനിയില്‍ ജോലി നോക്കുകയാണ്.
സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് ഗീവര്‍ഗീസ് പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്‍റോ ആന്‍റണി എംപി എന്നിവര്‍ക്കും പരാതി നല്‍കി.