ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ തിരുവല്ല സ്വദേശി വ്യവസായിയെ കൊന്ന് പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി (Body was hung on tree). ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവില്‍ താമസിച്ചിരുന്ന തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്ന് സംശയിച്ചെങ്കിലും വിശദ പരിശോധനയില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നും ഡിസിപി എം ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ദ്വാരക നോര്‍ത്ത് പൊലീസിന് പുറമേ ദ്വാരക ജില്ലാ പൊലീസ് ഓപ്പറേഷന്‍ സെല്ലില്‍ നിന്നുള്ള പ്രത്യേക സംഘവും ആന്‍റി ഓട്ടോ തെഫ്റ്റ് സ്ക്വാഡും അന്വേഷണത്തിന്‍റെ ഭാഗമാകുന്നുണ്ട്. സംഭവം നടന്ന പാര്‍ക്കിലേയും പരിസര പ്രദേശത്തേയും സിസിടിവി ഫുട്ടേജുകളും ലോക്കല്‍ ഇന്‍റലിജന്‍സ് ഇന്‍പുട്ടുകളും കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ദ്വാരകയിലെ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപം താമസിച്ചു വരികയായിരുന്നു സുജാതന്‍ പത്മനാഭന്‍. കഴിഞ്ഞ ദിവസം രാത്രി ബിസിനസ് ആവശ്യത്തിനായി രാത്രി ഒമ്പത് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സുജാതന്‍. ജയ്‌പൂരിലേക്ക് പോകാനിരിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പാര്‍ക്കിലെ മരത്തിനു മുകളില്‍ സുജാതന്‍റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെന്നും കൊലപാതകത്തിനുശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറേ നാളുകളായി ഡല്‍ഹിയില്‍ കൊലപാതകങ്ങള്‍ പെരുകി വരുന്നതായി റിപ്പോര്‍ട്ടുണ്ട്. നന്ദനഗരിക്കടുത്ത് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ആള്‍ക്കൂട്ട കൊലപാതകം: സാഗർ ജില്ലയിൽ ദലിത് യുവതി നൽകിയ പീഡന പരാതി പിൻവലിക്കാത്തതിന് സഹോദരനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. സാഗറിലെ ബറോദിയ സ്വദേശിയാണ് വ്യാഴാഴ്‌ച മർദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. യുവാവിനൊപ്പം പരാതി നൽകിയ സഹോദരിയെയും ക്രൂരമായി മർദിച്ച അക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്‌തു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ മാതാവിനെ വിവസ്ത്രയാക്കിയത്. തുടർന്ന്, പൊലീസ് എത്തിയാണ് ഇവർക്ക് ധരിക്കാൻ വസ്ത്രം നൽകിയത്.
പെൺകുട്ടിയുടെ മറ്റ് സഹോദരങ്ങൾക്ക് വേണ്ടിയും അക്രമികൾ ഗ്രാമത്തിൽ തെരച്ചിൽ നടത്തി. ഗ്രാമത്തിലെ ഓരോ വീടുകളിലും കയറിയിറങ്ങിയ അക്രമികൾ എല്ലാവരെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ എട്ട് പേർ അറസ്റ്റിലായി. 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേർക്കെതിരെ കൊലക്കുറ്റവും എസ്‌സി/എസ്‌ടി നിയമവും ചുമത്തിയെന്ന് സ്ഥലത്തെ അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്കെ അറിയിച്ചു.
ALSO READ: മദ്യലഹരിയിൽ കയ്യാങ്കളി, നിലത്ത് തലയിടിച്ച് വീണ ഗൃഹനാഥൻ മരിച്ചു; ഒരാൾ അറസ്റ്റിൽ