പത്തനംതിട്ട: മാമല നടുവിലെ മഹാസന്നിധിയിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പ സ്വാമി. പതിനെട്ടു മലകൾക്കൊപ്പം ഭക്ത ലക്ഷങ്ങളും കൈകൂപ്പി നിൽക്കുന്ന ദിവ്യ മുഹൂർത്തം. കർപ്പൂര തിരി കൊളുത്തിയ പോൽ നക്ഷത്ര പ്രഭയിൽ ആകാശം. കളഭ സുഗന്ധം നിറഞ്ഞ സന്നിധാനം(Thousands Of Devotees witness Makarajyothi). ശരണ മന്ത്രങ്ങൾ ഉരുവിട്ട് ഭക്ത സാഗരം മിഴി പൂട്ടി തുറക്കുന്നത് ഒരേ ഒരു ലക്ഷ്യത്തിലേക്ക്.
മകര വിളക്ക് ദർശിച്ചു സായൂജ്യമടയാൻ. പുഴപോലെ ഒഴുകുന്ന ശരണം വിളിക്കിടെ പൂങ്കാവനം ചുറ്റിയൊരു കാറ്റു കടന്നുപോയി. കാനന നടുവിൽ, പൊന്നമ്പല മേട്ടിൽ അതാ മകര ജ്യോതി തെളിഞ്ഞു.
ശ്രീകോവിലിൽ നിന്നുള്ള മണിനാദത്തിനൊപ്പം ഉയർന്നത് ഒരേ ഒരു മന്ത്രം സ്വാമിയേ ശരണം അയ്യപ്പ. നിമിഷങ്ങളുടെ ഇടവേളയിൽ മൂന്നു തവണ മകര ജ്യോതി തെളിഞ്ഞു. കിഴക്കേ ചക്രവളത്തിൽ മകര നക്ഷത്രവും ഉദിച്ചു കഴിഞ്ഞിരുന്നു. ഒരാണ്ടിന്‍റെ പുണ്യം മനസിൽ തെളിയിച്ചു ഭക്ത സാഗരം മലയിറങ്ങുകയായി. അടുത്ത വർഷവും പുണ്യ ദർശനത്തിന് എത്താൻ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ.
മകര വിളക്കിനായി ഇന്ന് (ജനുവരി 15) ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ച നട വൈകിട്ട് അഞ്ചിനാണ് തുറന്നത്. വൈകിട്ട് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുവാനായി ദേവസ്വം ബോ൪ഡ് പ്രതിനിധികൾ ശരംകുത്തിയിലേക്ക് പോയി. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തി.
കൊടിമരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്ത് എത്തിയ തിരുവാഭരണങ്ങൾ തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽ ശാന്തി പിഎൻ മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പിന്നീട് തിരുവാഭരണങ്ങള്‍ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോയി.
ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടന്നു. ഈ സമയത്ത് ആകാശത്തു മകരജ്യോതി ദൃശ്യമായി. സന്നിധാനം ശരണ മന്ത്രങ്ങളാൽ നിറഞ്ഞ് നിൽക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിഞ്ഞു. മകര ജ്യോതി ദര്‍ശിക്കാൻ എല്ലാ വ്യൂ പോയിന്‍റുകളിലും ഡ്രോണ്‍ നിരീക്ഷണമുൾപ്പെടെ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എട്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ക്രമീകരണങ്ങള്‍. മൂന്നര ലക്ഷത്തിലധികം ഭക്തർ ശബരിമലയിലും പരിസരത്തുമായി മകര വിളക്ക് ദർശിച്ചതായാണ് കണക്കാക്കുന്നത്.
മകരവിളക്കിന് സന്നിധാനത്തെ പോലെ തന്നെ പുല്ലുമേടും സജ്ജമായിരുന്നു: മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്ടിലെത്തുന്ന ഭക്തർക്കായി ഒരുക്കിയ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇന്ന് മകര ജ്യോതി ദർശനത്തിനായി പുല്ലുമേടിൽ എത്തിയ അയ്യപ്പ ഭക്തർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി പുല്ലുമേട്ടിൽ സന്ദർശനം നടത്തിയത്. പുല്ലുമേട് സന്ദർശനത്തിന് മുന്നോടിയായി ഡിഐജി വണ്ടിപ്പെരിയാറിൽ എത്തിയ ശേഷം പുല്ലുമേട്ടിലേക്ക് പോവുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് യോഗം ചേർന്നത്.
യോഗത്തിൽ പുല്ലുമേട്ടിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശം നൽകി. പുല്ലുമേട്ടിൽ നിന്നും സുരക്ഷിതമായി മകരവിളക്ക് ദർശിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യോഗത്തിൽ വിലയിരുത്തി. പുല്ലുമേട്ടിലും മറ്റു പ്രദേശങ്ങളിലും അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
രണ്ട് എസ്‌പിമാർ, എട്ട് ഡിവൈഎസ്‌പിമാർ എന്നിവർ സുരക്ഷാക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. മകരവിളക്ക് ദർശനത്തിനുശേഷം പുല്ലുമേട് വഴി അയ്യപ്പ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുകയില്ല. മകരവിളക്ക് ദർശനത്തിനായിഅയ്യപ്പ ഭക്തരെ വള്ളക്കടവ്-കോഴിക്കാനം വഴി പുല്ലുമേട്ടിൽ എത്തിക്കുന്നതിനുള്ള കെഎസ്ആർടിസി സർവീസ് വണ്ടിപ്പെരിയാറിൽ നിന്നും ആരംഭിച്ചിട്ടുണ്ട്.
അയ്യപ്പ ഭക്തർ തിരികെ പോകേണ്ടത് കോഴിക്കാനം വള്ളക്കടവ് വഴിയാണ്. പുല്ലുമേട്ടിൽ മകരവിളക്ക് ദർശനത്തിനായി സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്‌ണു പ്രദീപ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് അടക്കം പുല്ലുമേട്ടിൽ നിന്നും മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരുടെ പാർക്കിങ് ക്രമീകരണം വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും കെഎസ്ആർടിസി ബസിലാണ് അയ്യപ്പഭക്തർ മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്ടിൽ എത്തുന്നത്. യോഗത്തിന് ശേഷം പുട്ട വിമലാദിത്യ ഇടുക്കി ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പുല്ലുമേട്ടിലേക്ക് തിരിച്ചു.